തിരുവനന്തപുരം: നേമത്തു ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതു കോണ്‍ഗ്രസാണെന്നു കെ.മുരളീധരൻ എംപി. മണ്ഡലത്തിലെ ബിജെപിക്കു സ്വാധീനമുള്ള വാർഡുകളിൽ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. എന്നാൽ ന്യൂനപക്ഷ ഏകീകരണം ഇടതുമുന്നണിക്ക് അനുകൂലമായി. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയിൽ പ്രചാരണം നടത്തി.
സിപിഎമ്മിനും ബിജെപിക്കും നേമത്ത് വോട്ടു കുറഞ്ഞപ്പോൾ കോണ്‍ഗ്രസിനു വോട്ട് കൂടി. ബിജെപിയെ തകർത്തുവെന്ന് സിപിഎം പറയുന്നതിൽ അർഥമില്ല. അവർ ആഗ്രഹിക്കുന്നത് ബിജെപിയുടെ വളർച്ചയാണ്. വത്സൻ തില്ലങ്കരിയെ ഇടനിലക്കാരനാക്കി ബിജെപി വോട്ട് സിപിഎം വാങ്ങി. തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുന്പോൾ വിനയം കാണിക്കേണ്ട പിണറായി വിജയൻ എല്ലാവരേയും ചീത്തവിളിക്കുകയാണെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ലോട്ടറി അടിച്ചെന്നു കരുതി പിണറായി വിജയനോ ഇടതുമുന്നണിയോ അഹങ്കരിക്കരുത്. പത്തു വർഷം പ്രതിപക്ഷത്തിരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ വീഴ്ചകളിൽ നിന്നു കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.
നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതു കോണ്‍ഗ്രസ്: കെ.മുരളീധരൻ
01:28 AM May 06, 2021 | Deepika.com