കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ എഡിജിപി നിര്‍ദേശിച്ച ഡ്യൂട്ടി ക്രമീകരണ ഉത്തരവ് ”ലംഘിച്ച്’ ജില്ലാ പോലീസ് മേധാവിമാര്‍ . ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയുടെ സര്‍ക്കുലറാണു തിരുത്തിയത്.
പോലീസ് സേനയില്‍ രോഗവ്യാപനം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എഡിജിപി ഉത്തരവ് പുറത്തിറക്കിയതെങ്കിലും വിപരീതഫലമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്യൂട്ടി ക്രമീകരിക്കുകയായിരുന്നു. എന്നാല്‍ എഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം അതിനു വിപരീതമായി ഡ്യൂട്ടി ക്രമീകരിക്കുന്നത് അച്ചടക്കലംഘനമാണെന്നു വ്യക്തമാക്കി പോലീസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
എല്ലാ പോലീസ് സ്റ്റേഷനിലും സ്പെഷല്‍ യൂണിറ്റുകളിലും ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലും ഉള്‍പ്പെടെ 10 ശതമാനം സേനാംഗങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഡ്യൂട്ടി ക്രമീകരിക്കണമെന്നായിരുന്നു ഉത്തരവിറക്കിയത്. മാറ്റിനിര്‍ത്തുന്ന 10 ശതമാനം പേര് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച് ഏഴു ദിവസം സ്വന്തം വീട്ടിലോ മറ്റോ താമസിക്കണം. എട്ടാം ദിവസം ഹാജരാകണം.
ഈ സമയം ജോലിയിലുണ്ടായിരുന്നവര്‍ അടുത്ത ഏഴു ദിവസം വീട്ടില്‍ നില്‍ക്കണം. മാറ്റിനിര്‍ത്തുന്ന സേനാംഗങ്ങള്‍ ഏതുനിമിഷം ഹാജരാകാന്‍ നിര്‍ദേശം നല്കിയാലും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. മേയ് 27 നായിരുന്നു എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതു നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ സാങ്കേതികമായ പല പ്രശ്നങ്ങളുമുണ്ടെന്നാണ് വിവിധ പോലീസ് ജില്ലകളിലെ മേധാവിമാര്‍ പറയുന്നത്.
ശരാശരി 70 പോലീസുകാരുള്ള സ്റ്റേഷനില്‍ ഡ്യൂട്ടി റിസര്‍വേഷന്‍ പൂര്‍ണമായും നടപ്പാകണമെങ്കില്‍ ഒന്നരമാസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും നിയന്ത്രണം മാറുകയും ഒരു വിഭാഗത്തിനു മാത്രം ഇളവുകള്‍ ലഭിക്കുകയും ചെയ്യും.
ഇക്കാരണങ്ങളാല്‍ റിസര്‍വേഷന്‍ നടപ്പാക്കുന്നതിനോടു പോലീസുകാര്ക്കിടയില്ത്തന്നെ അഭിപ്രായവ്യത്യാസമുണ്ട്. രോഗവ്യാപനം തടയാനും ഈ ക്രമീകരണംകൊണ്ട് സാധിക്കില്ലെന്നാണ് പറയുന്നത്. അതിനാൽ ഡ്യൂട്ടി ക്രമീകരണമാണിപ്പോള്‍ പോലീസ് മേധാവിമാര്‍ നടത്തുന്നത്. കോഴിക്കോട് സിറ്റിയില്‍ ആറു മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായമാണു നടപ്പാക്കുന്നത്. റോഡില്‍ വാഹനപരിശോധനയ്ക്കും മറ്റും നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ രാവിലെ എട്ടു മുതല്‍ രണ്ടു വരെ ഡ്യൂട്ടി ചെയ്താല്‍ മതി. രണ്ടിനു ശേഷം അടുത്ത സംഘം ഡ്യൂട്ടി തുടരും. ഇവര്‍ എട്ടു വരെ ഡ്യൂട്ടിയെടുത്താല്‍ മതി. ഈ രീതി തുടരാത്തവര്‍ക്ക് ഒരു ദിവസം 12 മണിക്കൂര്‍ ഡ്യൂട്ടിക്കു ശേഷം അടുത്ത ദിവസം അവധി നല്കുന്ന രീതിയും നടപ്പാക്കുന്നുണ്ട്.
കെ. ഷിന്റുലാല്‍
പോലീസുകാരുടെ കോവിഡ് ഡ്യൂട്ടി: എഡിജിപിയുടെ ഉത്തരവ് തിരുത്തി
01:27 AM May 06, 2021 | Deepika.com