ചേർത്തല: മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ രഘു നിര്യാതനായി. മേള രഘു എന്നാണ് അദ്ദേഹം സിനിമയിൽ അറിയപ്പെട്ടത്.ഹൃദയാഘാതത്തെ തുടർന്ന് എറണകുളത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ 16ന് വീട്ടിൽ വച്ച് രഘുവിന് ഫിക്സ് വരികയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രഘു ഇരുപതു ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടത്തി.ചേർത്തല നഗരസഭ 18-ാം വാർഡിൽ പുത്തൻവെളി രഘു (ശശിധരൻ-60 ) വാണ് മേള രഘു എന്ന പേരിൽ സിനിമയിൽ പ്രശസ്തനായത്. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കമലഹാസൻ നായകനായി അഭിനയിച്ച അപൂർവ സഹോദരർ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം 2 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കെപിഎസിയിലെ നാടക ട്രൂപ്പിലും അഭിനയിച്ചു. മുപ്പതോളം മലയാള സിനിമയിൽ വേഷമിട്ടിട്ടുണ്ട്.
ദൂരദർശൻ നിർമിച്ച സിരിയൽ വേലുമാലു സർക്കസിലും പ്രധാന വേഷം ചെയ്തത് രഘുവായിരുന്നു. മമ്മൂട്ടിയോടൊന്നിച്ച് മേളയെന്ന ചിത്രത്തിലൂടെ സിനിമാജീവിതത്തിന് തുടക്കമിട്ട രഘു മോഹൻലാലിന്റെ ദൃശ്യം ടുവിലായിരുന്നു അവസാനം അഭിനയിച്ചത്. ഭാര്യ: ശ്യാമള. മകൾ: ശില്പ.
നടൻ മേള രഘു നിര്യാതനായി
01:54 AM May 05, 2021 | Deepika.com