മട്ടന്നൂര്‍: കണ്ണൂര്‍ ഉളിയില്‍ പടിക്കച്ചാല്‍ നെല്ല്യാട്ടരിയില് വീടിനുള്ളിലുണ്ടായ സ്ഫോടത്തില്‍ രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
നെല്ല്യാട്ടരിയില് വാടക വീട്ടില്‍ താമസിക്കുന്ന ഷംസീറയുടെ മക്കളായ മുഹമ്മദ് ആമീന്‍ (അഞ്ച്), മുഹമ്മദ് റദീസ് (ഒന്നര) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുപറമ്പില്‍നിന്നു കളിക്കുന്നതിനിടെ കിട്ടിയ പന്തുപോലെയുള്ള വസ്തു വീട്ടിനുള്ളില്‍ കൊണ്ടുവന്നു തട്ടിക്കളിക്കുന്നതിനിടെയാണു പൊട്ടിത്തെറിച്ചത്. സ്ഫോടനശബ്ദവും നിലവിളിയും കേട്ടെത്തിയ സമീപവാസികള്‍ പരിക്കേറ്റ കുട്ടികളെ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചു. മുഹമ്മദ് ആമീന്റെ കാലുകള്‍ക്കും നെഞ്ചിനും മുഹമ്മദ് റദീസിന്റെ കാലിനുമാണു പരിക്കേറ്റത്. മുഹമ്മദ് ആമീനെ തുടര്‍ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും പൊട്ടിത്തെറിച്ചു നാശമുണ്ടായി. ഐസ്ക്രീം ബോംബാണു പൊട്ടിത്തെറിച്ചതെന്നും പഴക്കമുള്ള ബോംബാണെന്നുമാണു പോലീസിന്റെ നിഗമനം. വീട്ടിനുള്ളിലും പുറത്തുമായി ഷംസീറയുടെ സഹോദരിമാരും കുട്ടികളുമടക്കം പത്തിലധികം പേരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. രണ്ടരമാസം മുമ്പാണ് വളോരയില്നിന്നു കുടുംബം ഇവിടെ താമസത്തിനെത്തിയത്.
വീടിനുള്ളിൽ സ്ഫോടനം; രണ്ടു കുട്ടികള്‍ക്കു പരിക്ക്
01:38 AM May 05, 2021 | Deepika.com