കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള സഹകരണ ഓര്‍ഡിനന്‍സില്‍ തത്സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഓര്‍ഡിനന്‍സ് ശരിവച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയടക്കം നല്കിയ അപ്പീലിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ലയിക്കാന്‍ തയാറായെങ്കിലും മലപ്പും ജില്ലാ സഹകരണ ബാങ്ക് ഇതിനു തയാറായിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തത്. ഇതിനെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 28ന് സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.അപ്പീലുകള്‍ ഈ മാസം 25നു വീണ്ടും പരിഗണിക്കും.
കേരള ബാങ്കും മലപ്പുറം ജില്ലാ സഹകരണ ബാങ്കും തമ്മിലുള്ള ലയനം: തത്സ്ഥിതി തുടരാന്‍ ഉത്തരവ്
01:38 AM May 05, 2021 | Deepika.com