കളമശേരി: കളമശേരി കുസാറ്റ് കാന്പസിലെ എടിഎം മെഷീൻ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം പൂഞ്ഞാർ സ്വദേശി സുബിൻ സുകുമാരൻ (31) ആണു പിടിയിലായത്. ഇയാളുടെ കൈയിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.
കാന്പസിലെ മുൻ കരാർ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎമ്മിനു തീയിടാൻ കാരണമെന്നു പോലീസ് പറഞ്ഞു.
വോട്ടെണ്ണൽ ദിവസമായ ഞായറാഴ്ച രാത്രി 7.45നാണു കാന്പസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കത്തിച്ചത്. തീ ആളിപ്പടർന്നു കൈയ്ക്കും മുഖത്തും പൊള്ളലേറ്റ സുബിൻ ഇറങ്ങിയോടി. എടിഎമ്മിൽനിന്നു പുക ഉയരുന്നതു കണ്ട കാന്പസ് ജീവനക്കാർ ഉടൻ തീയണച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നു സുബിൻ മനഃപൂർവം തീയിട്ടതാണെന്നു മനസിലായി. ദൃശ്യങ്ങൾ പുറത്തുവിട്ടു പോലീസ് നടത്തിയ അന്വേഷണത്തിൽ കലൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണു പ്രതിയെ പിടികൂടിയത്.
എടിഎം കത്തിച്ച പൂഞ്ഞാർ സ്വദേശി പിടിയിൽ
01:38 AM May 05, 2021 | Deepika.com