തിരുവനന്തപുരം: പുതിയ നിയമസഭാംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നിലവിലുള്ള 14-ാം കേരള നിയമസഭ പിരിച്ചുവിടാൻ ഗവർണറോടു ശിപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭ ശിപാർശ ചെയ്തു.
മന്ത്രിസഭാ ശിപാർശ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉച്ചയോടെ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മജ് ഖാനു കൈമാറി. മുഖ്യമന്ത്രിയുടെ രാജിയും അദ്ദേഹം ഗവർണർക്കു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പൂച്ചെണ്ടു നൽകിയാണു സ്വീകരിച്ചത്. തെരഞ്ഞെടുപ്പുവിജയവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. ഒന്നാം പിണറായി സർക്കാർ രാജിവച്ച സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോടു നിർദേശിച്ചു.
കണ്ണൂരിൽനിന്ന് ഇന്നലെ മടങ്ങിയെത്തിയ മുഖ്യമന്ത്രി തുടർന്ന് ഓണ്‍ലൈൻ മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. എൽഡിഎഫിനു ലഭിച്ച ഉജ്വലവിജയത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. എന്നാൽ, വിജയം ഒരാളിന്റേതു മാത്രമല്ലെന്നും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്നും പിണറായി വിജയൻ പറഞ്ഞു.
നിയമസഭ പിരിച്ചുവിടാൻ ശിപാർശ
02:05 AM May 04, 2021 | Deepika.com