തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളിൽ രക്തലഭ്യത ഉറപ്പുവരുത്താൻ കേരളാപോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പിൽ പുതിയ സംവിധാനം ഏർപ്പെടുത്തി. പോൽ-ബ്ലഡ് എന്ന ഈ സംവിധാനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. രക്തം ദാനം ചെയ്യാൻ താൽപര്യമുളളവർക്ക് പോൽ-ആപ്പ് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാം.
രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങൾ നൽകി പോൽ-ബ്ലഡിൽ രജിസ്റ്റർ ചെയ്യണം.
രക്തദാതാവിനെയും സ്വീകർത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പോൽ-ആപ്പ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പോൽ-ആപ്പ് കണ്ട്രോൾ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന രക്തദാനത്തിനായി മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഡിജിപിമാരായ കെ.പത്മകുമാർ, മനോജ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.
രക്തലഭ്യതയ്ക്കും പോലീസ് ആപ്പ്
12:08 AM Apr 22, 2021 | Deepika.com