കൊച്ചി: ലോകായുക്ത നടപടിക്രമം പാലിച്ചില്ലെന്നും പരാതിയില്‍ അന്വേഷണം നടത്താതെയാണ് വിധി പറഞ്ഞതെന്നുമുള്ള കെ.ടി. ജലീലിന്റെ വാദങ്ങള്‍ ഹൈക്കോടതി തള്ളി. പരാതിയില്‍ ലോകായുക്ത അന്വേഷണം നടത്തിയില്ലെന്ന വാദം ശരിയല്ലെന്നു കോടതി വ്യക്തമാക്കി.
2019 ഫെബ്രുവരി എട്ടിനു പ്രാഥമികാന്വേഷണം നടത്താന്‍ ലോകായുക്ത തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശവും നല്കി. സര്‍ക്കാര്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചു. പോലീസിനെയോ മറ്റേതെങ്കിലും ഏജന്‍സികളെയോ നിയോഗിച്ചില്ലെന്നതു കൊണ്ട് അന്വേഷണം നടത്തിയില്ലെന്നു പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലോകായുക്ത അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ പൊതുസേവകനും ബന്ധപ്പെട്ട അഥോറിറ്റിക്കും പരാതിയുടെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന വാദവും കോടതി തള്ളി. പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചശേഷം ജലീല്‍ ഉള്‍പ്പെടെ കക്ഷികള്‍ക്കു വാദത്തിന് അവസരം നല്‍കിയിരുന്നു. പരാതി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസും നല്കി. ഇതനുസരിച്ചാണു ജലീല്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിച്ചത്. പരാതി ഫയലില്‍ സ്വീകരിക്കും മുമ്പ് പകര്‍പ്പ് ജലീലിനും അഥോറിറ്റിക്കും നല്കിയെന്നു വ്യക്തമാണ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് എംഡിയുടെ ശിപാര്‍ശ സര്‍ക്കാരാണ് അംഗീകരിച്ചതെന്നും അദീബിനെ നിയമിക്കാനുള്ള തീരുമാനം കോര്പറേഷന്റേതായിരുന്നെന്നുമുള്ള ജലീലിന്റെ വാദങ്ങളും ഡിവിഷന് ബെഞ്ച് തള്ളി.
ജലീലിന്റെ വാദങ്ങളെല്ലാം കോടതി തള്ളി
12:11 AM Apr 21, 2021 | Deepika.com