കൊച്ചി: ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്കാന് സര്‍ക്കാരിന് നിയമോപദേശം. കോടതിയുടെ പരിഗണനയിലുള്ള കേസിലാണെങ്കിലും വ്യാജമായി തെളിവുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാന്‍ നിയമപരമായി തടസമില്ലെന്ന് കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ നല്കിയ നിയമോപദേശത്തില്‍ പറയുന്നു.
ഭീമറാസു പ്രസാദ് കേസില്‍ കഴിഞ്ഞ മാര്‍ച്ച് 12ന് സുപ്രീം കോടതി ഇതു വ്യക്തമാക്കി വിധി പറഞ്ഞിട്ടുണ്ട്. ജസ്റ്റീസ് മോഹന്‍ എം. ശാന്തനഗൗഡര്‍, ജസ്റ്റീസ് വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ അപ്പീല്‍ നല്‍കാനാവും.
വ്യാജതെളിവുണ്ടാക്കിയെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 193 പ്രകാരമുള്ള കുറ്റത്തിനാണ് അന്വേഷണ വിലക്കുള്ളത്. എന്നാല്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 116 പ്രകാരമുള്ള കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ഇതന്വേഷിക്കാന്‍ വിലക്ക് ബാധകമല്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പ്രതികളായ സ്വപ്നയും സന്ദീപും നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജികളില്‍ ഈ മാസം 16നാണ് സിംഗിള്‍ബെഞ്ച് വിധി പറഞ്ഞത്.
ഇഡിക്കെതിരായ കേസുകള്‍ റദ്ദാക്കിയതിനെതിരേ അപ്പീല്‍ നല്കാന് നിയമോപദേശം
12:34 AM Apr 20, 2021 | Deepika.com