കൊച്ചി: പക്ഷി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പക്ഷികളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നടപടിയെടുക്കാനാവുമെന്ന് ഹൈക്കോടതി.
കാസര്‍ഗോഡ് കിടൂരില് പക്ഷിസങ്കേതമാക്കാനിരിക്കുന്ന സ്ഥലത്തിനു സമീപം ക്വാറി പ്രവര്‍ത്തനം നടത്തുന്നതിന് അഡി. ജില്ലാ മജിസ്ട്രേട്ട് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്.
സര്‍ക്കാരിനും പൗരന്മാര്ക്കും വന്യജീവികളെ സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ബാധ്യത ഉണ്ടെന്നിരിക്കെ നിയമപരമായ ഒരു അഥോറിട്ടി ഇത്തരമൊരു ഉത്തരവു നല്‍കിയതില്‍ അപാകതയില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
കിടൂരില് 1.78 ഹെക്ടര്‍ സ്ഥലത്ത് ക്വാറി പ്രവര്‍ത്തനം നടത്താന്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നതിന് ലൈസന്‍സ് തേടി കണ്ണൂരിലെ ദേവദാരു അഗ്രോ - ലാന്‍ഡ് വെഞ്ച്വേഴ്സ് ലിമിറ്റഡ് നല്കിയ അപേക്ഷ അഡി. ജില്ലാ മജിസ്ട്രേട്ട് നിരസിച്ചിരുന്നു. ക്വാറി പ്രവര്‍ത്തനം തുടങ്ങുന്ന ഭൂമിക്ക് സമീപം പക്ഷി സങ്കേതത്തിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അനുമതി തേടിയത് കണക്കിലെടുത്താണ് അഡി. ജില്ലാ മജിസ്ട്രേട്ട് കോടതി അപേക്ഷ നിരസിച്ചത്.
പക്ഷികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ നടപടിയെടുക്കാനാവും: ഹൈക്കോടതി
12:02 AM Apr 20, 2021 | Deepika.com