കൊച്ചി: കൊച്ചി മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവില്‍പ്പോയ പിതാവ് സനു മോഹന്‍ പോലീസ് പിടിയില്‍. കര്‍ണാടകയിലെ കാര്‍വാറിലെ വനമേഖലയിൽ നിന്നാണ് ഇയാള്‍ പിടിയിലായത്.
സനു മോഹന്‍ കൊല്ലൂരിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള അന്വേഷണ സംഘം ഇവിടെ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കൊല്ലൂരില്‍നിന്നു രക്ഷപ്പെട്ടെന്നു വ്യക്തമായതോടെ കേരള പോലീസ് കര്‍ണാടക പോലീസിന്റെ സഹായം തേടി. കര്‍ണാടക പോലീസ് കാര്‍വാറില്‍ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. കർണാടക പോലീസ് സനു മോഹനെ കേരള പോലീസിനു കൈമാറി. രാത്രി വൈകി ഇയാളെ കൊച്ചിയില്‍ എത്തിച്ചു.
മാര്‍ച്ച് 20ന് ആണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറു ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇയാൾ ഒരാഴ്ചയോളം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിനു തൊട്ടടുത്ത സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ താമസിച്ചിരുന്നു. ഏപ്രില്‍ 10നു മുറിയെടുത്ത സനു മോഹന്‍ 16നു രാവിലെ 9.30ന് മുറി വാടക നല്‍കാതെ അപ്രത്യക്ഷമാകുകയായിരുന്നു.
മുറിയെടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ അഡ്വാന്‍സ് നല്‍കിയിരുന്നില്ല. 16നു രാവിലെ 8.45നു മുറി ഒഴിയുന്നതായി ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. വൈകുന്നേരം 4.45നു മംഗളൂരുവില്‍നിന്നു വിമാനത്തില്‍ പോകാനുള്ളതാണെന്നും വിമാനത്താവളത്തിലേക്കു പോകാന്‍ ഉച്ചയ്ക്ക് ഒന്നിന് കാര്‍ ഏര്‍പ്പാടാക്കണമെന്നും പറഞ്ഞു. തുടര്‍ന്നു ക്ഷേത്രത്തില്‍നിന്നു പ്രസാദം വാങ്ങി വരാമെന്നു പറഞ്ഞാണ് സനു മോഹന്‍ ഹോട്ടലില്നിന്നിറങ്ങിയത്.
എന്നാല്‍, ഉച്ചയ്ക്ക് ഒന്നിന് വിമാനത്താവളത്തിലേക്കു പോകാന്‍ കാര്‍ വന്നെങ്കിലും ഇയാള്‍ എത്തിയില്ല. ഇതോടെയാണു സനു മോഹന്‍ മുങ്ങിയതായിരിക്കാമെന്നു ടൂറിസ്റ്റ്ഹോം ജീവനക്കാര്‍ക്കു സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരള പോലീസ് തെരയുന്ന സനു മോഹന്‍ ആണെന്നു വ്യക്തമായത്. ഇതോടെ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള ഒരു സംഘം പോലീസ് 17ന് കൊല്ലൂരിലെത്തി അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. അതേസമയം ഇയാള്‍ വനമേഖലയിലേക്കു കടന്നതായി സൂചന ലഭിച്ചു.
സനു മോഹന്‍ കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു സ്വകാര്യ ബസില്‍ കയറി വനമേഖലയില്‍ ഇറങ്ങിയതായാണു വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ ബസ് ഇറങ്ങിയ ഭാഗം കേന്ദ്രീകരിച്ച് വനത്തില്‍ കൊല്ലൂര്‍ പോലീസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് സനു മോഹനെ പിടികൂടിയത്.
(കൂടുതൽ വാർത്തകൾ
പേജ് 02ൽ )
വൈഗയുടെ മരണം: സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍
12:35 AM Apr 19, 2021 | Deepika.com