തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,835 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണമാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.04 ശതമാനം. പരിശോധിച്ച ആറിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചു എന്നർഥം. അതിതീവ്ര രോഗവ്യാപനമാണു സംസ്ഥാനത്തുള്ളതെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വെള്ളിയാഴ്ച 1,35,159 സാന്പിളുകളാണു ശേഖരിച്ചത്.
ഇതിൽ 81,211 സാന്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാന്പിളുകളുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ വരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ 27 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,904 ആയി. 58 ആരോഗ്യപ്രവർത്തകർക്കുകൂടി രോഗം ബാധിച്ചു. 3,654 പേർ ഇന്നലെ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 80,019 ആയി ഉയർന്നു.
സംസ്ഥാനത്ത് രണ്ടാം ദിനത്തിലും രോഗികൾ 10,000 കടന്നു
02:21 AM Apr 18, 2021 | Deepika.com