തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്വകാര്യചടങ്ങുകൾ നടത്തുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ നടത്താൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്യണം. ഹാളിൽ നടത്തുന്ന ചടങ്ങുകളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കും പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ട് കർശന പരിശോധനയ്ക്കു നിർദേശമുണ്ട്.
മറ്റു രാജ്യങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പോലീസ് കർശന നിർദേശം നൽകി. റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha. kerala. nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിൽ ക്ലിക്ക് ചെയ്യുന്പോൾ കാണുന്ന ‘Visitor’s entry’ ഓപ്ഷനിൽനിന്നും ‘Domestic entry’ തെരഞ്ഞെടുക്കണം. ട്രെയിനിലോ വിമാനത്തിലോ വരുന്നവർ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് new registration ക്ലിക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നന്പർ നൽകി വേരിഫൈ ചെയ്യണം. നോർക്ക രജിസ്ട്രേഷൻ ഇല്ലാതെ റോഡ് മാർഗം കേരളത്തിലേക്കു വരുന്നവരും രജിസ്റ്റർ ചെയ്യണം. ഇതിനായി new registration എന്ന ഓപ്ഷനിലാണ് ക്ലിക് ചെയ്യേണ്ടത്.
സ്ക്രീനിൽ വരുന്ന കോഡ് കൂടി എന്റർ ചെയ്തു കഴിയുന്പോൾ മൊബൈൽ നന്പറിലേക്ക് ഒടിപി നന്പർ വരും. ഒടിപി എന്റർ ചെയ്ത ശേഷം വേരിഫൈ ചെയ്യുക. വേരിഫിക്കേഷനു ശേഷം പേര്, ജനനത്തീയതി, ഐഡി നന്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക. സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാവും. രജിസ്ട്രേഷൻ ചെയ്ത മൊബൈൽ നന്പറിലേക്ക് വിവരങ്ങൾ മെസേജായി എത്തും. മെസേജിലുള്ള ലിങ്കിൽ ക്ലിക് ചെയ്താൽ പാസിന്റെ പിഡിഎഫ് ഫോം ഡൗണ്ലോഡ് ചെയ്തെടുക്കാം. കേരളത്തിലേക്കു വരുന്പോൾ ചെക്പോസ്റ്റിൽ ഈ പാസ് കാണിച്ച് യാത്ര ചെയ്യാം.
ഇതിനിടെ, റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും ട്രെയിനിലും മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 500 രൂപ പിഴയീടാക്കാൻ റെയിൽവേ നിർദേശം നൽകി. ദീർഘദൂര ട്രെയിനുകളിൽ ഉൾപ്പെടെ ബെർത്തിൽ കിടക്കുന്പോഴും മാസ്ക് നിർബന്ധമാണ്.
സ്വകാര്യ ചടങ്ങുകൾക്കും നാട്ടിലേക്കു വരാനും രജിസ്റ്റർ ചെയ്യണം
02:21 AM Apr 18, 2021 | Deepika.com