കോട്ടയം: സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം. ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ഓണ്‍ലൈനായാണ് കമ്മിറ്റി ചേർന്നത്.
സർക്കാരിനും എൽഡിഎഫ് നേതാക്കൾക്കുമെതിരായ അപവാദപ്രചാരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായി തരംതാണ കള്ളപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തുന്നതാണു തെരെഞ്ഞെടുപ്പിൽ ഉടനീളം കണ്ടത്.
കേരള കോണ്‍ഗ്രസ് -എം മത്സരിച്ച 12 സീറ്റുകളിലും അഭിമാനകരമായ വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. കുറ്റ്യാടിയിൽ മുന്നണിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനായി സ്ഥാനാർഥിത്വത്തിൽനിന്നു സ്വയം പിന്മാറിയ മുഹമ്മദ് ഇക്ക്ബാലിനെ യോഗം അഭിനന്ദിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിനു വലിയ പിന്തുണയാണ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ എല്ലാ ഘടകകക്ഷികളിൽനിന്നും ഉണ്ടായതെന്നും യോഗം അഭിപ്രായപ്പെട്ടു.
ചെയർമാൻ ജോസ് കെ. മാണി അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാർ, ഉന്നതാധികാരസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർഭരണം ഉറപ്പെന്ന് കേരള കോൺഗ്രസ്-എം
01:29 AM Apr 17, 2021 | Deepika.com