ചാരുംമൂട്: മിനി ടാങ്കർ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചുകയറിയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തിരുവ നന്തപുരം പാറ്റൂരിൽ താമസി ക്കുന്ന നൂറനാട് പഴഞ്ഞൂർക്കോണം ഇഞ്ചക്കൽ ഓടിയിൽ ഇ.കെ. തോമസ് (ജോയിക്കുട്ടി - 56) മകൾ ജോസി തോമസ് (22) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നു നൂറനാട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു. ഇവരെ എതിർദിശയിൽ നിന്നു ഇടപ്പോൺ ഭാഗത്തേക്കു പോയ മിനി ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. നൂറനാട് പാറ- ഇടപ്പോൺ റോഡിൽ ആത്മാവ് മുക്കിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഡിഗ്രി പൂർത്തിയാക്കിയ ജോസിയുടെ ഉപരിപഠനത്തിനു വേണ്ടി ചില സർട്ടിഫിക്കറ്റുകൾ നൂറനാട് വില്ലേജ് ഓഫീസിൽനിന്നു വാങ്ങുന്നതിനാണ് അച്ഛനും മകളും വീട്ടിൽനിന്നു ബൈക്കിൽ പുറപ്പെട്ടത്.
ജോയിക്കുട്ടി പാറ്റൂർ ജംഗ്ഷനിൽ സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പാറ്റൂർ ഇമ്മാനുവേൽ മാർത്തോമ ചർച്ച് സെമിത്തേരിയിൽ ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും. പന്തളം കൈപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിനി ടാങ്കർ ലോറിയും ഡ്രൈവറെയും നൂറനാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകൻ: ജോസൻ.
ടാങ്കർ ലോറി ബൈക്കിലിടിച്ചുകയറി അച്ഛനും മകളും മരിച്ചു
01:26 AM Apr 16, 2021 | Deepika.com