തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന സോഫ്റ്റ്വേർ തകരാറിനെത്തുടർന്ന് ട്രഷറികളുടെ പ്രവർത്തനം നിലച്ചത്, പെൻഷൻ വിതരണം അടക്കമുള്ള പ്രവർത്തനങ്ങളെ ബാധിച്ചു. അവധികൾക്കു ശേഷമെത്തിയ പ്രവൃത്തി ദിനമായ ഇന്നലെയും സോഫ്റ്റ്വേർ തകരാറിനെത്തുടർന്ന് ട്രഷറികളുടെ പ്രവർത്തനം നിശ്ചലമായി.
പുതുക്കിയ പെൻഷൻ തുകയ്ക്കായി ട്രഷറികളെ സമീപിച്ച നിരവധി പേർ വലഞ്ഞു.
കംപ്യൂട്ടറുകൾ പ്രവർത്തിക്കാതായതോടെ ട്രഷറികളിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാകാതെ ജീവനക്കാരും കുഴങ്ങി. എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പർ വിതരണം ചെയ്യാനായി ഇന്നലെ പുലർച്ചെ എത്തിയ ജീവനക്കാർക്കു വൈകുന്നേരവും ട്രഷറി പൂട്ടിപ്പോകാൻ കഴിഞ്ഞില്ല.
ട്രഷറികളുടെ ഡേറ്റ ശേഖരിക്കുന്ന പുതിയ സെർവർ ഇൻസ്റ്റാൾ ചെയ്യുന്ന പ്രവർത്തനം ഇതുവരെ പൂർത്തിയാക്കാനാകാത്തതാണു കാരണമെന്നാണു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
ടെക്നോപാർക്കിലാണ് പുതിയ സെർവർ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഞായറാഴ്ചയാണ് ഇത് സ്ഥാപിക്കുന്ന പ്രവർത്തനം തുടങ്ങിയതെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
സോഫ്റ്റ്വേർ തകരാർ: ട്രഷറികളുടെ പ്രവർത്തനം നിലച്ചു
01:25 AM Apr 16, 2021 | Deepika.com