കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലം ദുരിതത്തിലായ കുട്ടനാട്ടിലെ നെൽകർഷകർക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രി, കൃഷിമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തുകൾ അയച്ചു.
നെല്ല് സംഭരണം വൈകുന്നതും ഇടയ്ക്കെത്തിയ വേനൽമഴയും കുട്ടനാടൻ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭരണം വേഗത്തിലാക്കേണ്ടതും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. നെല്ലിനു ന്യായവില ഉറപ്പാക്കി കർഷകരുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കൃഷിമന്ത്രി എന്നിവർക്കു കത്തയച്ചതെന്നു കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൽ എന്നിവർ അറിയിച്ചു.
നെൽകർഷകരുടെ സംരക്ഷണം: കെസിവൈഎം കത്തയച്ചു
01:36 AM Apr 13, 2021 | Deepika.com