കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കും. രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളും ഇതിനായി ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന്മാരാണ് വിദഗ്ധാന്വേഷണത്തിനായി ഇവ ശേഖരിച്ചത്. സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ഉടന്‍ അയയ്ക്കും. രതീഷിന്റെത് കൊലപാതകമാണെന്ന സൂചനയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാര്ക്കുള്ളത്. ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റിട്ടുണ്ട്. കൂടാതെ മുഖത്ത് ചില മുറിവേറ്റ പാടുകളുണ്ട്. ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായത് ആത്മഹത്യയില്‍ സംഭവിക്കാവുന്നതരം പരിക്കല്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍മാര്‍. ഈ സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയയ്ക്കും.
ആത്മഹത്യക്കു മുമ്പു രതീഷിനെ ആരെങ്കിലും മര്ദിച്ചതാണോയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് സംഘം. ആക്രമിക്കുന്ന ഘട്ടത്തില്‍ രതീഷ് അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശ്വാസകോശത്തിന് സമ്മര്‍ദമുണ്ടായതായി കണ്ടെത്തിയ സാഹചര്യത്തില്‍ ആരെങ്കിലും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതാണെങ്കില്‍ കൈകള്‍ ഉപയോഗിച്ച് രതീഷ് അതിനെ ചെറുക്കാന്‍ ശ്രമിക്കും. ഈ സമയം കൈയിലെ നഖങ്ങളില്‍ ആക്രമിക്കുന്നയാളുടെ രക്തമോ മറ്റു ശരീരഭാഗങ്ങളിലെ മാംസമോ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്താം.
കൂടാതെ മന്‍സൂര്‍ വധക്കേസില്‍ രതീഷിന്റെ പങ്കും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. മന്‍സൂര്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിവിധതരം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രതീഷിന്റെ രക്തവും മുടിയിഴകളും സംഭവസ്ഥലത്തു നിന്നു ലഭിച്ച സാമ്പിളുകളുമായി താരതമ്യ പരിശോധന നടത്തും.
ശേഖരിച്ച ഏതെങ്കിലും തെളിവുകള്‍ക്കു രതീഷിന്റെ ഡിഎന്‍എയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ കൊലപാതകത്തിലെ പങ്കിനു ശാസ്ത്രീയ തെളിവായി അതു മാറും. മന്‍സൂറിനെ ആക്രമിച്ച സമയത്ത് ഏതെങ്കിലും വിധത്തിലുള്ള ചെറുത്തു നില്പ്പുണ്ടായിട്ടുണ്ടോയെന്നും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.
രതീഷിന്റെ മരണം; ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു
01:00 AM Apr 13, 2021 | Deepika.com