കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി (കിയാല്‍) ഒരു സര്‍ക്കാര്‍ കമ്പനിയാണെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലാണ് (സിഎജി) ഓഡിറ്റിംഗ് നടത്തേണ്ടതെന്നും വ്യക്തമാക്കി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചു.
സ്വകാര്യ കമ്പനിയാണെന്നതിനാല് സിഎജിയുടെ ഓഡിറ്റിംഗ് നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കിയാല്‍ നല്കിയ ഹര്‍ജിയിലാണ് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ് സ്റ്റേറ്റ്മെന്റ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി കിയാല്‍ എന്ന കമ്പനിയില്‍ 64.79 ശതമാനം ഓഹരിയുണ്ടെന്നും സര്‍ക്കാര്‍ കമ്പനിയാണെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു. ഓഡിറ്റിംഗിനു കിയാല്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചത് നിയമപരമല്ല.
2018 ഏപ്രില്‍ 30ലെ കണക്കനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് 32.86 ശതമാനം ഓഹരിയാണു കിയാല്‍ കമ്പനിയിലുള്ളത്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം എന്നിവയ്ക്ക് 29.75 ശതമാനം ഓഹരിയും സംസ്ഥാന വ്യവസായ വികസന കോര്പറേഷന്, ബിവറേജസ് കോര്പറേഷന്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, കേരള ടൂറിസം വികസന കോര്പറേഷന് തുടങ്ങിയവയ്ക്കെല്ലാം കൂടി 2.18 ശതമാനം ഓഹരിയുമുണ്ട്.
2016 - 17ലെ കണക്കുകള്‍ സിഎജി പരിശോധിച്ച് അംഗീകരിച്ചതല്ലെന്നും ഇതേ കണക്കുകള്‍ 2018 സെപ്റ്റംബര്‍ 29ലെ വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകരിച്ചതു കമ്പനി നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്
01:00 AM Apr 13, 2021 | Deepika.com