കൊച്ചി: തങ്ങളുടെ പേരിലുള്ള 20 സെന്റ് ഭൂമി പാവങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ദമ്പതികള്‍ വിട്ടുനല്‍കി. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ നേതൃത്വത്തിലുള്ള ഹൗസ് ചലഞ്ച് പദ്ധതിയിലേക്കാണു കോട്ടയം ദേവലോകം കൊട്ടാരത്തറ ജോസ് തോമസും ഭാര്യ ഡോ. എല്‍സി ജോസും ഭൂമി പകുത്തു നല്‍കുന്നത്.
എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂരില്‍ ഇരുവരുടെയും പേരിലുണ്ടായിരുന്ന ഭൂമിയാണു ഹൗസ് ചലഞ്ച് പദ്ധതിയുടെ സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനു കൈമാറുന്നത്. സിസ്റ്റര്‍ ലിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹൗസ് ചലഞ്ച്, ഭൂദാനം മഹാദാനം പദ്ധതികളെക്കുറിച്ചു വിവിധ മാധ്യമങ്ങളിലൂടെ അറിഞ്ഞ ദമ്പതികള്‍ തങ്ങളുടെ ഭൂമിയും അതിനായി നല്കാന് തീരുമാനമെടുക്കുകയായിരുന്നു.
ജോസ് തോമസ് കോട്ടയത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്യുകയാണ് ഡോ. എല്‍സി. അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്കു പോകുന്നതിനു മുമ്പാണ് ഇരുവരും തങ്ങളുടെ ഭൂമി പകുത്തു നല്കി ജീവകാരുണ്യത്തിനു സന്നദ്ധതയറിയിച്ചത്.
ഇന്നു തൃക്കാക്കരയില്‍ നടക്കുന്ന ചടങ്ങില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഭൂമി കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. നടപടികള്‍ പൂര്‍ത്തിയാക്കി എടയ്ക്കാട്ടുവയലിലെ ഭൂമിയില്‍ സുമനസുകളുടെ സഹകരണത്തോടെ ഭവനരഹിതര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്കുമെന്നു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ അറിയിച്ചു.
‘ഹൗസ് ചലഞ്ചിനു ’ഭൂമി പകുത്തു നല്കി ദമ്പതികള്‍
01:00 AM Apr 13, 2021 | Deepika.com