മുളങ്കുന്നത്തുകാവ്: കേരളം ചുവടുവച്ച ആ 30 സെക്കൻഡ് നൃത്തം പകർത്തിയത് ദാ ഈ കൊച്ചു ഡോക്ടറാണ്. മലപ്പുറം തൃപ്പനച്ചി പൂവൻചാലിൽ വീട്ടിൽ കെ. മുഷ്താഖ് അലി.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും ആടിത്തിമിർത്ത നൃത്തം വളരെ പെർഫെക്ടായി ഷൂട്ട് ചെയ്തപ്പോൾ തന്നെ ആരാണ് ഇതു ചിത്രീകരിച്ചതെന്നു പലരും ചോദിച്ചിരുന്നു. ഒരു പ്രഫഷണൽ കാമറമാന്റെ കൈത്തഴക്കത്തോടെയാണു കേരളത്തിലും സോഷ്യൽമീഡിയയിലും വൈറലോടു വൈറലായ ആ 30 സെക്കന്റ് ചടുല നൃത്തം ചിത്രീകരിച്ചിരുന്നത്.
മലപ്പുറത്തെ വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്നു ഡാൻസ് വൈറലാകുമ്പോൾ അതെല്ലാം നോക്കിക്കണ്ട് ആഹ്ലാദിക്കുകയാണു മുഷ്താഖ് അലി. നവീനും ജാനകിയും വാർത്താമാധ്യമങ്ങൾക്കു മുന്നിൽ നിൽക്കുമ്പോഴും കാമറയ്ക്കു പിന്നിലുണ്ടായിരുന്ന മുഷ്താഖ് കാമറയ്ക്കു പിന്നിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.
പബ്ലിസിറ്റിക്കു വേണ്ടിയല്ല അതു ചിത്രീകരിച്ചതെന്നു മുഷ്താഖ് ദീപികയോടു മനസു തുറന്നു.
ആറുമാസം മുമ്പു വാങ്ങിയ ഐ ഫോണ് ഉപയോഗിച്ചാണ് ആ നൃത്തരംഗം ചിത്രീകരിച്ചത്. കാമറ എങ്ങിനെ പ്രവർത്തിപ്പിക്കണമെന്ന് യുട്യൂബിലൂടെ നോക്കി പഠിച്ചു. ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണു ബാക്ക് ഗ്രൗണ്ടിനെക്കുറിച്ച് ഐഡിയ തോന്നിയത്. അപ്പോൾ തന്നെ ആ രീതിയിൽ ഷൂട്ട് ചെയ്തു. മൂന്നുമണിക്കൂറെടുത്താണു നവീൻ-ജാനകി ടീമിന്റെ നൃത്തം തൃശൂർ മെഡിക്കൽ കോളജിലെ വിവിധ ലൊക്കേഷനുകളിൽ നിന്നു കാമറയിൽ പകർത്തിയത്. നൃത്തച്ചുവടുകളെക്കുറിച്ചും മൂവ്മെന്റ്സിനെക്കുറിച്ചും ജാനകിയോടും നവീനിനോടും സംസാരിച്ചു ചർച്ച ചെയ്തു കൃത്യമായ ധാരണ ഉണ്ടാക്കിയിരുന്നുവെന്നും മുഷ്താഖ് അലി പറഞ്ഞു.
ആദ്യം മൊബൈൽ ഫോണ് കാമറ ഓണ്ചെയ്തു ട്രൈപ്പോഡിൽ (കാമറ സ്റ്റാൻഡിൽ) വച്ചാണു ഷൂട്ട് ചെയ്തത്. പിന്നെ സ്റ്റാൻഡ് മാറ്റി കെെയിലെടുത്തായിരുന്നു ചിത്രീകരണം. പരിചയമില്ലാത്ത പണിയായതുകൊണ്ടു കുറേനേരം കെെയിൽ പിടിച്ചു ഷൂട്ട് ചെയ്തപ്പോൾ വേദന തോന്നിയെന്നും എന്നാൽ, പിന്നീട് ഡാൻസ് വൈറലായപ്പോൾ വന്ന അഭിനന്ദനങ്ങൾ എല്ലാ വേദനകളും മാറ്റിയെന്നും മുഷ്താഖ് അലി സന്തോഷത്തോടെ പറയുന്നു.
മലപ്പുറത്തെ വീട്ടിൽ നിന്ന് അടുത്തയാഴ്ച കോളജിലേക്കു മുഷ്താഖ് മടങ്ങിയെത്തും. നാട്ടിലൊക്കെ ചിലർക്കറിയാം തങ്ങളുടെ നാട്ടിലെ കൊച്ചുഡോക്ടറാണ് ആ അടിപൊളി ഡാൻസ് കാമറയിൽ പകർത്തിയതെന്ന്.
കേരളം ചുവടുവച്ച ആ നൃത്തം പകർത്തിയത് ദാ ഈ "കൊച്ചു ഡോക്ടർ’
02:16 AM Apr 11, 2021 | Deepika.com