കോഴിക്കോട്: ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരും കരുമല സ്വദേശികളുമായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നത് രാത്രിയായതിനാല്‍ ദൃക്സാക്ഷികളില്ലാത്തത് തുടര്‍നടപടികള്‍ക്കു തടസം സൃഷ്ടിക്കുന്നുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും സ്റ്റേഷന് എസ്ഐ അറിയിച്ചു.
ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തിലാണ് വ്യാപകമായ അക്രമം നടന്നത്. കോണ്‍ഗ്രസ് ഓഫീസിനു നേരേയും മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരേയും ആക്രമണമുണ്ടായി.
കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ യുഡിഎഫ് -സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരും പ്രവര്‍ത്തകരുമുള്‍പ്പെടെ മുപ്പതോളം പേര്‍ക്കു പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എകരൂരില്നിന്നു കരുമലയിലേക്കു നടത്തിയ പ്രകടനത്തിനുനേരേയാണ് ആക്രമണമുണ്ടായത്.
വൈകുന്നേരമുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് അക്രമിക്കാനിടയുണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എം.കെ. രാഘവന് എംപി ഉള്‍പ്പെടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് മൂന്നു പേര് അറസ്റ്റിലായത്.
കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
02:16 AM Apr 11, 2021 | Deepika.com