തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ മുഖ്യമന്ത്രിയുടെ രഹസ്യ സൂക്ഷിപ്പുകാരനാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണു മന്ത്രി കെ.ടി. ജലീൽ. അതിനാലാണു മറ്റു മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും കിട്ടാത്ത പ്രിവിലേജ് ജലീലിനു ലഭിക്കുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനു പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നൽകുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. എന്നാൽ ജലീലിന്റെ രാജി ചോദിച്ചുവാങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ജലീൽ മുഖ്യമന്ത്രിയുടെ രഹസ്യ സൂക്ഷിപ്പുകാരൻ: വി. മുരളീധരൻ
02:16 AM Apr 11, 2021 | Deepika.com