കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായര്‍ എട്ടു മാസം ജയിലില്‍ കിടന്നശേഷം ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ പരാതി ഉന്നയിക്കുന്നത് ഉന്നത സ്വാധീനമുള്ള വ്യക്തികളുടെ ഉപദേശം മൂലമാണെന്നും ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യാജത്തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി. ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് നല്കിയ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന് നല്കിയ ഹര്‍ജികളിലാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ഇഡിക്കെതിരേ സന്ദീപ് നായര്‍ നല്കിയ പരാതി കോടതിയുടെ പരിഗണനയിലിരിക്കെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് കോടതിയലക്ഷ്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇഡിക്കെതിരേ കേസെടുത്തത് നിയമനടപടികളുടെ ദുരുപയോഗമാണ്. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇതിലൂടെ ഉടലെടുത്തിട്ടുള്ളത്.
ഇഡിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരെ ജയിലില്‍ ചോദ്യംചെയ്യാനും രഹസ്യമൊഴി രേഖപ്പെടുത്താനും കോടതിയില്‍നിന്ന് അനുമതി വാങ്ങിയത് ഇഡി ഉദ്യോഗസ്ഥര്‍ അറിയാതെയാണ്. ജയിലില്‍ മൊഴി രേഖപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇഡി കോടതിയില്‍ നല്കിയ തെളിവുകളെ ദുര്‍ബലമാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ല. കേസെടുത്ത നടപടിക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നിലവിലുണ്ടെന്ന വിവരം മറച്ചുവച്ചാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴിയെടുക്കാന്‍ അനുമതി തേടിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സന്ദീപ് നായര്‍ പരാതി ഉന്നയിക്കുന്നത് ഉന്നത വ്യക്തികളുടെ ഉപദേശം മൂലമെന്ന് ഇഡി
01:22 AM Apr 10, 2021 | Deepika.com