മലപ്പുറം: മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പ്രഹസനമാണെന്നും ഇപ്പോൾ നിയോഗിച്ച അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെ സർക്കാർ അന്വേഷണത്തിനേൽപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സിപിഎം പറയുന്നതു മാത്രം അനുസരിക്കുന്ന ആളാണ് അന്വേഷണ തലവനെന്നു മുൻകാല അനുഭവങ്ങളിൽനിന്നു മനസിലാക്കാം. ഈ കേസിലും സിപിഎം പോലീസിനെ സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നു. പ്രതികൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. നേരായ അന്വേഷണം നടത്താതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയാണുള്ളത്. കൊലപാതകം ആസൂത്രിതമെന്നു നേരത്തെ വ്യക്തമായതാണ്.
നാളെ യുഡിഎഫ് നേതാക്കൾ പാനൂർ സന്ദർശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച ചെയ്തു തീരുമാനം അറിയിക്കും. കണ്ണൂരിലെ സമാധാന യോഗങ്ങൾക്കെല്ലാം വിശ്വാസ്യത കുറഞ്ഞു. അതുകൊണ്ടാണ് യുഡിഎഫിന് യോഗം ബഹിഷ്കരിക്കേണ്ടി വന്നതെന്നും അദേഹം പറഞ്ഞു.
മൻസൂർ കൊലക്കേസ്: അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നു കുഞ്ഞാലിക്കുട്ടി
01:22 AM Apr 10, 2021 | Deepika.com