കൊണ്ടോട്ടി: കരിപ്പൂരിൽനിന്നു കുവൈറ്റിലേക്കു പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 8.37ന് കരിപ്പൂരിൽനിന്നു 15 യാത്രക്കാരുമായി പറന്നുയർന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒൻപതു മണിയോടെ തിരിച്ചിറക്കിയത്.
വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽനിന്ന് അടിയന്തര അഗ്നിബാധ മുന്നറിയിപ്പ് മുഴങ്ങുകയായിരുന്നു. ഇതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗിനു കരിപ്പൂർ എയർ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. തുടർന്ന് അനുമതി നൽകി.
പതിനഞ്ചു യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയിൽ നിന്നുയർന്ന വിമാനം കരിപ്പൂർ എയർട്രാഫിക് കണ്ട്രോൾ പരിധി വിടുന്നതിനു മുമ്പാണ് അഗ്നിബാധ സൈറണ്‍ മുഴങ്ങിയത്. വിമാനം ഒൻപതു മണിയോടെ സുരക്ഷിതമായി കരിപ്പൂരിലിറക്കി യാത്രക്കാരെ പുറത്തിറക്കി. തുടർന്ന് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ കൊണ്ടുപോയി.
അഗ്നിബാധ മുന്നറിയിപ്പ്; കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി
01:22 AM Apr 10, 2021 | Deepika.com