തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ പാണാവെള്ളി നെടിയതുരുത്തിലെ റിസോർട്ട് പൊളിച്ചു നീക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന തല ഉന്നതതല യോഗത്തിൽ ധാരണയായി. റിസോർട്ട് പൊളിച്ചു നീക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയാറാക്കാനും ഇതുസംബന്ധിച്ചു തദ്ദേശ വകുപ്പു സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മൂന്നു ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കും. എന്നാൽ, റിസോർട്ട് പൊളിച്ചു നീക്കാൻ ആവശ്യമായ സാന്പത്തിക സഹായം സർക്കാർ തലത്തിൽ നൽകണമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ജില്ലാ ഭരണകൂടത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെങ്കിലും ഇനി സംസ്ഥാന തലത്തിൽ അവലോകന യോഗം ചേരേണ്ടതില്ലെന്നാണു വിലയിരുത്തൽ.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിസോർട്ട് പൊളിച്ചു നീക്കാനുള്ള നടപടി ആലപ്പുഴ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ സഹായം തേടി ജില്ലാ കളക്ടർ കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉന്നതതലയോഗം ചേർന്നത്.
ആലപ്പുഴയിലെ റിസോർട്ട് പൊളിക്കൽ: ആവശ്യമായ സഹായങ്ങൾ നൽകും
11:49 PM Apr 09, 2021 | Deepika.com