പത്തനംതിട്ട: തെരഞ്ഞെടുപ്പിനു ശേഷം സിപിഎം അഴിച്ചുവിടുന്ന ആക്രമണങ്ങൾ നേതാക്കളുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോന്നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. സിപിഎം അക്രമത്തില്‍ നിരവധി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പല സ്ഥലത്തും എസ്ഡിപിഐയുടെ സഹായം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തീവ്രവാദികളെ കൂട്ടുപിടിച്ചാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ഇതവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിയുടെ ഭാഗത്തുനിന്നു ജനാധിപത്യ രീതിയില്‍ ചെറുത്തുനില്‍പ്പുണ്ടാകും.
പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നു. സീല്‍ ചെയ്ത കവറുകളിലല്ല പോസ്റ്റല്‍ വോട്ടുകള്‍ വാങ്ങിയത്. സിപിഎം ഉദ്യോഗസ്ഥര്‍ ബില്‍ഒമാരുടെ സഹായത്തോടെ വോട്ട് അട്ടിമറിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എത്ര പോസ്റ്റല്‍ ബാലറ്റ് അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കണം.പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീമിനെ സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇതിനായി പരിശീലനം ഉണ്ടായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം ആക്രമണങ്ങൾ തീവ്രവാദികളുടെ പിൻബലത്തിൽ: കെ. സുരേന്ദ്രൻ
02:50 AM Apr 09, 2021 | Deepika.com