കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ കടവത്തൂർ മുക്കിൽപീടികയിലെ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് ജില്ലാ കളക്ടർ വിളിച്ചുചേർത്ത സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു.
കൊലപാതകത്തിനു നേതൃത്വം കൊടുത്തവരാണ് യോഗത്തിന് എത്തിയതെന്നും അവരുമായി ചർച്ചയ്ക്കില്ലെന്നും പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. രാവിലെ 11 ഓടെയാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടറുടെ അധ്യക്ഷതയിൽ സമാധാനയോഗം ആരംഭിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദാണ് ആദ്യം പ്രസംഗിച്ചത്. പോലീസിന് എതിരേ രൂക്ഷവിമർശനമാണ് അദ്ദേഹം നടത്തിയത്.
തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾഖാദർ മൗലവിയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും പ്രസംഗിച്ചു. കൊലപാതകം നടന്ന് രണ്ടുദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സമാധാനയോഗം ബഹിഷ്കരിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. തുടർന്ന് യോഗം തുടങ്ങി 15 മിനിറ്റിനുള്ളിൽ യോഗം ബഹിഷ്കരിച്ച് യുഡിഎഫ് നേതാക്കൾ പുറത്തിറങ്ങി.
യുഡിഎഫ് സമാധാനയോഗം ബഹിഷ്കരിച്ചെങ്കിലും യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. യോഗത്തിന്റെ ചിത്രങ്ങൾ എടുത്തശേഷം മാധ്യമ പ്രവർത്തകരോടു പുറത്തുപോകാൻ കളക്ടർ ആവശ്യപ്പെട്ടു. തുടർന്ന് അടച്ചിട്ട ഹാളിലായിരുന്നു സമാധാന യോഗം. ഉച്ചയ്ക്ക് 1.15 ഓടെ യോഗം അവസാനിച്ചു.
കൊല നടത്തിയവരെയും തുടർന്ന് അക്രമം നടത്തിയവരെയും പിടികൂടണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു. സമാധാനയോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികളെ പാർട്ടി സംരക്ഷിക്കില്ല. കൊലപാതകം ഏതു പാർട്ടിയിൽപ്പെട്ടവർ നടത്തിയാലും എതിർക്കേണ്ടതാണ്. ജനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതീക്ഷയോടെ കണ്ടിരുന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചത് ശരിയായില്ല. ജനങ്ങളെ അപമാനിക്കുകയാണ് അവർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ സമാധാനം പുലരാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സമാധാന യോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പുല്ലൂക്കരയില്‍ ഉണ്ടായ കൊലപാതകത്തെയും തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെയും യോഗം ശക്തമായി അപലപിച്ചു. കഴിഞ്ഞദിവസം നടന്ന കൊലപാതകവും അതിനോടനുബന്ധിച്ചുള്ള അക്രമസംഭവങ്ങളും സമാധാന യോഗം അപലപിച്ചതായി കളക്ടർ ടി.വി. സുഭാഷ് പറഞ്ഞു. സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും.കൊലപാതക കേസിലെയും മറ്റ് അക്രമ സംഭവങ്ങളിലെയും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
പാനൂർ കൊലപാതകം: സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
02:28 AM Apr 09, 2021 | Deepika.com