കൊച്ചി: സംസ്ഥാനതല ഓണ്‍ലൈന്‍ റമ്മി നിരോധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹരിയാനയിലെ ജംഗ്ളീ ഗെയിംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയടക്കം നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നതായിരുന്നു ഇടക്കാല ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇതനുവദിച്ചില്ല. ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ച് ഹര്‍ജികള്‍ മേയ് 20നു വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായതോടെ തങ്ങള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും ഈ സാഹചര്യങ്ങളില്‍ മധ്യവേനലവധിക്കാലത്തും കോടതിയെ സമീപിക്കാനാവുമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 23നാണ് കേരള ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതോടെ തങ്ങളുടെ രജിസ്ട്രേഷന് സ്വീകരിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. റമ്മികളി ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കഴിവ് (സ്കില്‍) അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ ഓണ്‍ലൈന്‍ റമ്മിയെ ചൂതാട്ടത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ഓണ്‍ലൈന്‍ റമ്മി: ഹര്‍ജികളില്‍ വിശദീകരണം തേടി
02:27 AM Apr 09, 2021 | Deepika.com