കോഴിക്കോട്: എലത്തൂരില്‍ എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചതിനു തൊട്ടുപിന്നാലെ എന്‍സിപിയിലെ അഭിപ്രായ ഭിന്നത തെരുവുകളിലേക്ക്. സേവ് എന്‍സിപി എന്ന പേരില്‍ പോസ്റ്റര്‍ പതിച്ചും ഫ്ലക്സ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുമാണ് പ്രതിഷേധം ശക്തമാക്കിയത്.
ശശീന്ദ്രന് നേരത്തെ മത്സരിക്കുകയും ഇപ്പോള്‍ പാര്‍ട്ടി വീണ്ടും അനുവദിക്കുകയും ചെയ്ത എലത്തൂര്‍ മണ്ഡലത്തിലെ പാവങ്ങാട്, എലത്തൂര്‍ അങ്ങാടി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്കി മത്സരിപ്പിക്കണമെന്നും ശശീന്ദ്രനെ മത്സരിക്കാന്‍ അനുവദിക്കരുതെന്നുമാണ് പോസ്റ്റര്‍. ഇതിനു പുറമേ ഫോണ്‍ വിളി വിവാദം മറക്കരുതെന്നും ചില പോസ്റ്ററുകളിലുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടു ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ശശീന്ദ്രന് മത്സരിക്കുന്നതിനെതിരേ തര്‍ക്കം രൂക്ഷമായിരുന്നു. സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന് അനുകൂലികള്‍ ഇത് എതിര്‍ത്തു. ഇതോടെ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും വരെയുണ്ടായി. അതേസമയം എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചു.
സ്ഥാനാര്‍ഥി പട്ടിക ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനു കൈമാറാനിരിക്കെയാണ് പോസ്റ്ററുകളിലൂടെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം പരസ്യമായത്. എലത്തൂരില്‍ ശശീന്ദ്രനു പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിനു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നേരിട്ടെത്തി നേതൃത്വത്തെ കാണാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.
എന്‍സിപിയില്‍ സീറ്റുതര്‍ക്കം രൂക്ഷം: എ.കെ. ശശീന്ദ്രനെതിരേ പോസ്റ്റര്‍
01:21 AM Mar 09, 2021 | Deepika.com