കൊച്ചി: സംസ്ഥാനത്തെ പട്ടയഭൂമിയില്‍ പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ തദ്ദേശഭരണ വകുപ്പും റവന്യു വകുപ്പും ഉത്തരവിറക്കി. ഇടുക്കി കൂമ്പന്‍പാറ സ്വദേശിനി മേരി ജോസഫ് ഉള്‍പ്പെടെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കിയത്. ഹൈക്കോടതി പലതവണ നിര്‍ദേശിച്ചിട്ടും ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ മടിച്ചതിനെത്തുടര്ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി നിലനിന്നിരുന്നത്.
ഹര്‍ജി പരിഗണിക്കവെ രണ്ട് ഉത്തരവുകളും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കി. ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനു പതിച്ചു നല്കിയതാണെങ്കില് അക്കാര്യം കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ് ഓഫീസര്‍ രേഖപ്പെടുത്തണമെന്നു റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇക്കാര്യം പരിശോധിച്ചു മാത്രമേ നിര്‍മാണ പെര്‍മിറ്റ് നല്‍കാവൂ എന്നാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി തദ്ദേശഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കു റവന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു വിവേചനപരമാണെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവെ സംസ്ഥാനത്തൊട്ടാകെ ഇതു ബാധകമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഇതു പാലിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടിയും തുടങ്ങി. ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിലും പിന്നീട് സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഇടുക്കി കൂമ്പന്‍പാറ സ്വദേശിനി മേരി ജോസഫ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണം തടയാന്‍ ഉത്തരവ്
01:04 AM Mar 04, 2021 | Deepika.com