കട്ടപ്പന: മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഹെഡ്മാസ്റ്റർ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മാസ്റ്ററും നെടുങ്കണ്ടം റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ഡിസിഎൽ ഓർഗനൈസറുമായ എഴുകുംവയൽ കൊച്ചുപറന്പിൽ ലിജി വർഗീസ്(48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം.
ഇന്നലെ സ്കൂളുകൾക്ക് അവധിയായതിനാൽ ഇരട്ടയാറിൽ വീടുവയ്ക്കുന്നതിനായി പുതുതായി വാങ്ങിയ സ്ഥലത്തെ മരം ജോലിക്കാരോടൊപ്പം മുറിച്ചുനീക്കുന്നതിനിടെയാണ് സംഭവം. മുറിച്ചിടുന്നതിനിടെ പന ലക്ഷ്യംതെറ്റി കമുകിൽ വീഴുകയും കമുക് ഒടിഞ്ഞ് ലിജിയുടെ ദേഹത്ത് വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിമാറി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
സംസ്കാരം അഞ്ചിന് വൈകുന്നേരം അഞ്ചിന് എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ. വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ അധ്യാപികയും കന്പംമെട്ട് വള്ളിപ്പറന്പിൽ കുടുംബാംഗവുമായ റെജിമോളാണ് ഭാര്യ. മക്കൾ: ബനഡിക്റ്റ് (വൈദിക വിദ്യാർഥി), ബെഞ്ചമിൻ, ബെർണാഡ് ആരോണ്‍ (ഇരുവരും വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ വിദ്യാർഥികൾ). മൃതദേഹം നാളെ വൈകുന്നേരം നാലിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.
പന മുറിക്കുന്നതിനിടെ അപകടം: മരം വീണ് ഹെഡ്മാസ്റ്റർ മരിച്ചു
01:56 AM Mar 03, 2021 | Deepika.com