ജനിതക എഡിറ്റിംഗ് വിദ്യയിൽ മഞ്ഞ തക്കാളി വികസിപ്പിച്ചു
01:08 AM Mar 03, 2021 | Deepika.com
കൊച്ചി: മെച്ചപ്പെട്ട വിളകള്‍ക്കു വഴിയൊരുക്കുന്ന നൂതന ജനിതക എഡിറ്റിംഗ് സാങ്കേതിക വിദ്യ സംസ്ഥാനത്തു വിജയകരമായി പരീക്ഷിച്ചു. കൊച്ചി ആസ്ഥാനമായുള്ള അഗ്രിജീനോം ലാബ്സ് ആണ് സിആര്‍ഐഎസ്പിആര്‍ (ക്രിസ്പര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ചു കൂടുതല്‍ പ്രോലൈക്കോപീന് അടങ്ങിയ മഞ്ഞ തക്കാളി വികസിപ്പിച്ചെടുത്തത്. നൂതന തന്മാത്രാ എഡിറ്റിംഗ് പ്രക്രിയയായ ക്രിസ്പര്‍ കാസ് 9 ടെക്നോളജി 2020ല്‍ ജെന്നിഫര്‍ ഡൗഡ്ന, ഇമ്മാനുഏല്‍ ഷാര്‍പാന്റിയെ എന്നിവരെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നു. ഇതുവഴി തക്കാളിയുടെ നിറം മാറ്റാന്‍ കഴിയുമോ എന്ന പരീക്ഷണമാണു നടന്നതെന്ന് അഗ്രിജീനോം ലാബ്സ് സിഒഒ ഡോ. ജോര്‍ജ് തോമസ് പറഞ്ഞു.