പാലാ: കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലെ കാത്തലിക് സ്വാശ്രയ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും ‘’കേരള കാത്തലിക് അണ് എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കണ്‍സോര്‍ഷ്യത്തിന് ‘’ അങ്കമാലി നൈപുണ്യ കോളജില്‍ നടന്ന യോഗത്തില്‍ രൂപംനല്കി.
കോളജുകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. ചാള്‍സ് ലിയോണ്‍ യോഗത്തിൽ പങ്കെടുത്തു. സ്ഥിരമായ അഫിലിയേഷന് നല്‍കാത്ത സ്വാശ്രയ കോളജുകളില്‍ സ്ഥിര അധ്യാപക നിയമനത്തിന് ഉത്തരവ് ഇറക്കുന്നതിലെ വിരോധാഭാസം കണ്‍സോര്‍ഷ്യം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങളിലുള്ള അമിതമായ കൈകടത്തല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കണ്‍സോര്‍ഷ്യം പ്രസ്താവിച്ചു.
യോഗത്തിൽ റവ.ഡോ. ജിബി ജോസ്, ഡോ. കെ.വി. ചാക്കോ, റവ. ഡോ. പോളച്ചന് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. യോഗത്തില്‍ സമിതിയുടെ സംസ്ഥാനതല എക്സിക്യൂട്ടീവിനും വിവിധ യൂണിവേഴ്സിറ്റി തല കമ്മറ്റികള്‍ക്കും രൂപം കൊടുത്തു. സംസ്ഥാന തലത്തില്‍ റവ.ഡോ. ജിബി ജോസ്-പ്രസിഡന്റ്, ഡോ. കെ.വി. ചാക്കോ, സിസ്റ്റർ ഡോ. ഷൈനി ജോര്‍ജ്-വൈസ് പ്രസിഡന്റുമാര്‍, റവ. ഡോ. ബേബി സെബാസ്റ്റ്യന്‍-സെക്രട്ടറി, റവ. ഡോ. ബൈജു-ജോയിന്റ് സെക്രട്ടറി, റവ.ഡോ. കെ. സിജോയ്-ട്രഷറര്‍, ഡോ. കെ.വി. ചാക്കോ-പിആർഒ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
റവ. ഡോ. ജേക്കബ് പുതുശേരി (എംജി യൂണിവേഴ്സിറ്റി), റവ.ഡോ. പോളച്ചന് (കാലിക്കറ്റ് യൂണിവേഴ്സിറ്റി), റവ. ഡോ. കെ.ഒ. തോമസ് (കണ്ണൂര്‍ യൂണിവേഴ്സിറ്റി) എന്നിവരെ സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. കോളജുകള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സര്‍വകലാശാലകള്‍ക്കും നിവേദനം നല്‍കാനും കണ്‍സോര്‍ഷ്യം തീരുമാനിച്ചു.
സ്വാശ്രയ കോളജുകള്‍ക്കു സ്ഥിര അംഗീകാരം നല്‍കണം: സ്വാശ്രയ കോളജ് കണ്‍സോര്‍ഷ്യം
10:27 PM Mar 01, 2021 | Deepika.com