കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാനാകാതെ ഇസ്രയേലില്‍ കുടുങ്ങി ഇരുന്നൂറോളം മലയാളികള്‍. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിയതോടെ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കമുള്ള മലയാളികളാണ് കേന്ദ്രസര്‍ക്കാരിന്റെ കനിവും കാത്ത് ഒന്നരമാസമായി ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നത്.
ജോലി നഷ്ടപ്പെട്ടവരും രോഗികളും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കായി നാട്ടിലെത്താന്‍ ശ്രമിക്കുന്ന കുട്ടികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായോ അല്ലാതെയോ വിമാനം ക്രമീകരിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ഥമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
കോവിഡ് വര്‍ധിച്ചതോടെ ജനുവരി പകുതിയോടെ ഇസ്രയേലില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി. ഇസ്രയേലില്‍ നിന്നുളള വിമാന കമ്പനികളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇവര്‍ക്ക് പരസ്പരം കണ്ടുമുട്ടാന്പോലും കഴിയുന്നില്ല. ഒരുമിച്ചുചെന്ന് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അധികൃതരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വന്തം നിലയില്‍ നാട്ടിലേക്ക് മടങ്ങാനാണ് ഉപദേശം ലഭിച്ചതെന്ന് ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് ഇസ്രയേല്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ബെസി സിബി പറഞ്ഞു.
നേരിട്ട് വിമാനം ഇല്ലാത്തതിനാല്‍, ഫ്രാങ്ക്ഫര്‍ട്ടിലോ ഫ്രാന്‍സിലോ എത്തി അവിടെനിന്ന് ഇന്ത്യയിലെക്കും തിരിക്കുകയെന്നതാണ് മുന്നിലുള്ള ഏക മാര്‍ഗം. പക്ഷെ ചെലവ് വളരെ കൂടുതലാകും. ട്രാന്‍സിറ്റ് വിസയുടെ നടപടിക്രമങ്ങള്‍ കടക്കണം. എന്നാല്‍തന്നെ ടിക്കറ്റ് ലഭിക്കുക ഒട്ടും എളുപ്പവുമല്ല. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് മിക്കവരും. ജോലി നഷ്ടപ്പെട്ടവരാകട്ടെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തില്‍ വലിയ പണം മുടക്കി നാട്ടിലേക്ക് മടങ്ങുകയെന്നത് അപ്രായോഗികമാണെന്നും ബെസി സിബി പറയുന്നു.
സര്‍ക്കാര്‍ ഇടപെട്ട് ഒരു വിമാനം ക്രമീകരിക്കണമെന്നാണ് ആവശ്യം. വിമാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും ഇടപെടണം. ഇന്ത്യയില്‍ എവിടേക്കെങ്കിലും വിമാനം ലഭിച്ചാല്‍ മതിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനടക്കം ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എംപി മാരില്‍ പലരെയും വിവരങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. പക്ഷെ മടക്കയാത്ര ഉടനെ സാധ്യമാകുമോയെന്ന കാര്യത്തില്‍ ഒരുറപ്പും എവിടെനിന്നും കിട്ടിയിട്ടില്ലെന്നും ബെസി പറഞ്ഞു.
ഇസ്രയേലില്‍ കുടുങ്ങി ഇരുന്നൂറോളം മലയാളികള്‍
12:58 AM Mar 01, 2021 | Deepika.com