കൊച്ചി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂടി വര്‍ധിപ്പിച്ചു. ഈ മാസം മൂന്നുതവണയായി കൂട്ടിയതു 100 രൂപ. 14.2 കിലോഗ്രാം സിലിണ്ടറിനു കൊച്ചിയില്‍ ഇന്നലത്തെ വില 801 രൂപ. വര്‍ധിപ്പിച്ച തുക സബ്സിഡിയായി ലഭിക്കുമോയെന്നതില്‍ വ്യക്തതയില്ല.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഈമാസം ഒരുതവണ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,513.50 രൂപയാണ്.
ഗാര്‍ഹിക സിലിണ്ടറിന് ഈമാസം ആദ്യം 25 രൂപയും പിന്നീട് 50 രൂപയും കൂട്ടിയതിനു പിന്നാലെയാണ് ഇപ്പോൾ 25 രൂപ കൂടി വർധിപ്പിച്ചത്. അതേസമയം, ഇന്ധനവിലയിൽ രണ്ടു ദിവസമായി മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്നലെ പെട്രോള്‍ വില 92.81 രൂപയിലും ഡീസല്‍ വില 87.38 രൂപയിലും തുടർന്നപ്പോൾ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസല്‍ 85.94 രൂപയുമായിരുന്നു.
പാചകവാതക വില വീണ്ടും കൂടി
12:56 AM Feb 26, 2021 | Deepika.com