തിരുവനന്തപുരം: സംസ്ഥാനത്ത് 13,000 പട്ടയങ്ങൾ വിതരണത്തിന് തയാറാണെന്നു മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതികളുടെ അവലോകന യോഗത്തിൽ റവന്യു വകുപ്പ് അറിയിച്ചു.100 ദിവസത്തിനകം 10,000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ തന്നെ 13,000 പട്ടയങ്ങൾ വിതരണത്തിനു തയാറായി.
സാമൂഹ്യസുരക്ഷാ പെൻഷൻ 1400 രൂപയിൽ നിന്ന് 1500 രൂപയാക്കി ഉയർത്തിയത് അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും. 27 വകുപ്പുകളിലായി 150 പദ്ധതികളാണു പൂർത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബർ 17ന് പ്രഖ്യാപിച്ച പരിപാടി മാർച്ച് 27ന് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികൾ പൂർത്തിയായി. ഇതിൽ ആറും വൈദ്യുതി വകുപ്പിനന്റേതാണ്. അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23,606 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 16 സ്മാർട്ട് വില്ലേജ് ഓഫീസുകൾ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിൽ 19 സ്മാർട്ട് വില്ലേജ് ഓഫീസുകൾ പൂർത്തിയായി. തുടക്കം കുറിച്ച പരിപാടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാലും പൂർത്തിയാക്കാൻ വകുപ്പ് സെക്രട്ടറിമാർ ശ്രദ്ധിക്കണം.
53 ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഡയാലിസിസ് സൗകര്യവും പുതിയ ഒപി ബ്ലോക്കും ആരംഭിക്കും. സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പോലീസ് ഉടനെ പുറത്തിറക്കും. തനിച്ചു താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സംരക്ഷണയും പിന്തുണയും നൽകാനുള്ള പോലീസ് വകുപ്പിന്റെ വി-കെയർ പദ്ധതിയും താമസിയാതെ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 13 കോളജുകളിലും എംജി സർവകലാശാല കാന്പസിലുമായി കിഫ്ബി വഴി 205 കോടിയുടെ നിർമാണം ആരംഭിക്കും. എയ്ഡഡ് കോളജുകളിൽ 721 തസ്തികകൾ സൃഷ്ടിക്കും. കയർ മേഖലയിൽ വിർച്വൽ കയർമേള ഫെബ്രുവരിയിൽ നടക്കും. കയർ കോന്പോസിറ്റ് ഫാക്ടറിയിൽ ബൈന്റർലെസ് ബോർഡ് നിർമിക്കുന്ന ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
കായികരംഗത്ത് 185 കോടി ചെലവിൽ 9 സ്റ്റേഡിയങ്ങളുടെ നിർമാണം ആരംഭിക്കും. കാർഷിക മേഖലയിൽ 496 കോടി രൂപയുടെ 46 പദ്ധതികൾ നടപ്പാക്കും. ആറ്റിങ്ങലിൽ സംയോജിത നാളികേര സംസ്കരണ പ്ലാന്റിന് തുടക്കം കുറിക്കും.
ഭൂമിയില്ലാത്തവർക്ക് അഞ്ച് ഭവന സമുച്ചയങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കും. 153 കുടുംബശ്രീ ഭക്ഷണശാലകൾ ആരംഭിക്കും. കുടുംബശ്രീയുടെ 500 കയർക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ 1620 പ്രവൃത്തികളിലായി 3598 കിലോമീറ്റർ റോഡ് ജനുവരി 31നകം പൂർത്തിയാക്കും.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കും. വയനാട്ടിൽ തോട്ടം തൊഴിലാളികൾക്കുള്ള ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഉടൻ നടക്കും. മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ തൊഴിൽ പദ്ധതിക്ക് തുടക്കും കുറിക്കും. 3500 പട്ടികവർഗക്കാർക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകൾ പൂർത്തിയാക്കും.
500 കിലോമീറ്റർ നീളത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നതനിലവാരത്തിൽ 11 റോഡുകൾ നിർമിക്കും. റീബിൽഡ് കേരള പദ്ധതിയിൽ 1613 കോടി രൂപ ചെലവിൽ റോഡ് നിർമാണത്തിന് തുടക്കും കുറിക്കും.
വളഞ്ഞവഴിയിൽ ആറ്റുകൊഞ്ച് ഹാച്ചറി, പന്നിവേലിച്ചിറ ഫിഷ് ഹാച്ചറി, കുളത്തൂപ്പുഴ, കണത്താർകുന്നം ഫിഷറീസ് ഫാമുകൾ എന്നിവയുടെ ഉദ്ഘാടനം ഉടനെ നടക്കും. കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും.
കേന്ദ്ര സർക്കാർ കന്പനിയായ വെള്ളൂർ എച്ച്എൻഎൽ ഏറ്റെടുക്കൽ പൂർത്തിയാക്കും. മുട്ടം സുഗന്ധദ്രവ്യ പാർക്കിന് തറക്കല്ലിടും.
മലബാർ കോഫി പൗഡർ വിപണിയിൽ ഇറക്കുന്നതിന് പ്രത്യേക കന്പനിക്ക് രൂപം നൽകും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമാകും. സഹകരണ മേഖലയിൽ 150 പച്ചക്കറി സ്റ്റാളുകൾ തുടങ്ങും. അവലോകന യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്തു.
13,000 പട്ടയം വിതരണത്തിനു തയാറായി; ക്ഷേമപെൻഷൻ വർധന അടുത്ത ആഴ്ച മുതൽ
12:24 AM Jan 28, 2021 | Deepika.com