കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 28 മുതല്‍ ഹര്ജിക്കാരന് കസ്റ്റഡിയിലാണെന്നും നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കുകയോ മറ്റ് കുറ്റകൃത്യങ്ങളില്‍ അകപ്പെടുകയോ ചെയ്യരുത്. ഏതെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുന്നതിന് പ്രോസിക്യൂഷന് നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
കുറ്റകൃത്യത്തിലെ പങ്കാളിത്തം തള്ളുന്ന പ്രാഥമിക നിരീക്ഷണങ്ങളല്ലാതെ ശിവശങ്കര്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാന്‍ മതിയായ വസ്തുതകളില്ലെന്ന് കോടതി വിലയിരുത്തി. ഒരു കോടി രൂപയില്‍ താഴെയുള്ള കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മാത്രമേ ശിവശങ്കറിന് മേല്‍ നിലനില്‍ക്കൂവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ബന്ധം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സ്വപ്ന സുരേഷിന്റെ സ്വര്‍ണക്കടത്ത് ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നത് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ ഇടപാടിലൂടെ ശിവശങ്കറിനും നേട്ടമുണ്ടായിട്ടുണ്ടെന്ന് വേണം കരുതാനെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.
ഹൈക്കോടതിയിലും അനുകൂല വിധി
01:17 AM Jan 26, 2021 | Deepika.com