കൊച്ചി: തെറ്റ് ചെയ്തില്ലെന്നു ബോധ്യമുണ്ടെന്നും മനസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം അഴിമതി ക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസില്‍ അറസ്റ്റിലായശേഷം അദ്ദേഹത്തിന്റെ ആദ്യപ്രതികരണമാണ്. തെറ്റു ചെയ്തുവെന്ന ബോധം തന്റെ ഉപബോധ മനസിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കുമായിരുന്നു.
ഏതു ഗവൺമെന്റും ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സെന്നും അതാണ് തന്റെ പേരിലുള്ള കുറ്റമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അല്ലാതെ സിമന്റ് ഇല്ലാത്തതും കമ്പിയില്ലാത്തതുമല്ലെന്നും അതെല്ലാം കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടത്. അതെല്ലാം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കുമെന്നും മത്സരിച്ചാല്‍ തോല്‍ക്കില്ലെന്നും ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ഇബ്രാഹിം കുഞ്ഞ്
12:42 AM Jan 26, 2021 | Deepika.com