തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനഹിതമറിഞ്ഞു പ്രകടന പത്രിക തയാറാക്കാൻ ശശി തരൂർ എംപിയെ ചുമതലപ്പെടുത്തി. യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ തയാറാക്കാൻ ശശി തരൂരിനെ നിയോഗിക്കുന്നതിന് കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ കൂടി പങ്കെടുത്ത ഉമ്മൻചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗത്തിൽ തീരുമാനമായി. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂരും സജീവമാകും.
ജനവികാരം മനസിലാക്കാൻ യുവജനങ്ങൾ, വിദ്യാർഥികൾ എന്നിവരടക്കമുള്ള വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്താൻ നിയോഗിച്ച തരൂർ അഞ്ചു ജില്ലകളിൽ പര്യടനം നടത്തുമെന്നു ഉമ്മൻ ചാണ്ടി അറിയിച്ചു.
അതേസമയം, പ്രകടന പത്രിക തയാറാക്കാൻ നിയോഗിച്ചിട്ടുള്ള ബെന്നി ബെഹനാൻ സമിതിയെ ശശി തരൂർ എംപിയും സഹായിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ തരൂർ പങ്കെടുക്കുന്ന യോഗങ്ങൾ നടക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ തലത്തിലും തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി രൂപീകരിക്കും. പ്രതിപക്ഷനേതാവ് നയിക്കുന്ന യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’വിജയിപ്പിക്കാൻ ഓരോ ലോക്സഭാ മണ്ഡലത്തിലും അതത് എംപിമാർക്ക് ചുമതല നൽകും.
യുഡിഎഫിന് എംപിമാർ ഇല്ലാത്ത കോട്ടയത്ത് ഉമ്മൻചാണ്ടിക്കും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനും ആയിരിക്കും ചുമതല. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ ചുമതലയും വേണുഗോപാലിനാണ്.
ഒരു അന്വേഷണത്തെയും താൻ ഭയക്കുന്നില്ലെന്ന് വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച വിജിലൻസ് അന്വേഷണ നീക്കത്തോട് ഉമ്മൻചാണ്ടി പ്രതികരിച്ചു. 3,000 കോടിയുടെ പദ്ധതിയിൽ 6,000 കോടിയുടെ അഴിമതി നടന്നുവെന്ന് കരാറിന് മുന്പ് തന്നെ സിപിഎം ആരോപണം ഉയർത്തി. കരാറിൽ എന്തെങ്കിലും ക്രമക്കേട് ബോധ്യപ്പെട്ടാൽ തുറമുഖ നിർമാണത്തിന്റെ 30 ശതമാനം പൂർത്തീകരിക്കും മുന്പ് പിൻമാറാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നിട്ടും അഞ്ചുവർഷം ഭരിച്ച എൽഡിഎഫ് സർക്കാർ അതിന് തയാറായില്ല.
മുരളീധരനും സുധീരനും പങ്കെടുത്തില്ല
തിരുവനന്തപുരം: ഹൈക്കമാൻഡ് പ്രതിനിധികൾ കൂടി പങ്കെടുത്ത കോണ്ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗത്തിൽ അംഗങ്ങളായ കെ. മുരളീധരനും വി.എം. സുധീരനും പങ്കെടുത്തില്ല. മണ്ഡലത്തിൽ മുൻ നിശ്ചയിച്ച റെയിൽവേ മേൽപ്പാല നിർമാണ ഉദ്ഘാടവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് കെ. മുരളീധരനും ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്നതിനാലാണ് വി.എം. സുധീരനും പങ്കെടുക്കാതിരുന്നതെന്നു സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടി പറഞ്ഞു. ഇവർ ഒഴികെ എട്ട് അംഗങ്ങളും തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തു. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡിന്റെ മൂന്നംഗ നിരീക്ഷക സംഘവുമുണ്ടായിരുന്നു.
ജനഹിതമറിഞ്ഞ് യുഡിഎഫ് പ്രകടന പത്രിക തയാറാക്കാൻ ശശി തരൂർ
12:14 AM Jan 24, 2021 | Deepika.com