കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനഘടകം നല്കിയ പേരുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ കഴിയുന്ന പൊതുസമ്മതരെക്കുറിച്ചറിയാനും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഫ്രെബ്രുവരി ആദ്യവാരം കേരളത്തിലെത്തും.
തിരുവനന്തപുരത്തും തൃശൂരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. പൊതുസമ്മതരുടെ പേരുകള്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കാതെ പരിചിതമായ മുഖങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി സാധ്യതാപട്ടിക അയച്ചതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്. ഔദ്യോഗികമായി ചര്‍ച്ചകളിലേക്ക് കടന്നില്ലെങ്കിലും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പൊതുസമ്മതരെ നിര്‍ത്താനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം.
എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ നേതാക്കളുടെ വീതം വയ്പ് എന്നനിലയിലാണ് കാര്യങ്ങള്‍ നീക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് കടുത്ത എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു. മറ്റു പാര്‍ട്ടികളില്‍നിന്ന് അണികളുടെ പിന്തുണയുള്ള നേതാക്കളെ അടര്‍ത്തിമാറ്റുക എന്ന തന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന ബോധ്യം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. ഇതിനൊപ്പം പൊതുസമ്മതരും ബിജെപി സംസ്ഥാന നേതാക്കളോട് പുറം തിരിഞ്ഞുനില്ക്കുന്നു. നേരത്തെ ബിജെപി കേന്ദ്ര നേതൃത്വവുമായി അടുപ്പം വച്ചുപുലര്‍ത്തിയിരുന്ന സംവിധായകന് മേജര്‍ രവി കടുത്ത ഭാഷയിലാണ് ബിജെപി സംസ്ഥാന നേതാക്കളെ വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ പൊതുസമ്മതരെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ നിര്‍ത്തുക എന്ന കേന്ദ്ര നിര്‍ദേശം ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
പൊതുസമ്മതരെ കണ്ടെത്തുന്നതില്‍ പാര്‍ട്ടി പരാജയം: ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലേക്ക്
12:14 AM Jan 24, 2021 | Deepika.com