കൊച്ചി: സ്പ്രിങ്ക്ളര്‍ കരാറിലെ വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവിടമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതിനു മുമ്പ് കോവിഡ് രോഗികളില്‍ നിന്നു ശേഖരിച്ച വിവരങ്ങളും വ്യക്തി വിശദാംശങ്ങളും ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ചെന്നിത്തല സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍, ശിവശങ്കര്‍, മുഖ്യമന്ത്രി എന്നിവര്‍ ചേര്‍ന്ന് നഷ്ടപരിഹാരം നല്കാന് ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോവിഡ് രോഗബാധിതരുടെയും നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയും വിവരങ്ങള്‍ അമേരിക്ക ആസ്ഥാനമായ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് കൈമാറുന്നത് ചോദ്യം ചെയ്തും വ്യക്തി വിവരങ്ങള്‍ നിയമവിരുദ്ധമായി വിദേശ കമ്പനിയുടെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്തതിനെത്തുടര്‍ന്ന് ഹാനിയുണ്ടായവര്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് സത്യവാങ്മൂലമായി പുതിയ ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്.
സ്പ്രിങ്ക്ളര്‍ കരാർ: രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിനായി പ്രതിപക്ഷ നേതാവിന്റെ ഹർജി
01:03 AM Jan 23, 2021 | Deepika.com