മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്തിലെ കണ്ണങ്കര എന്ന കായലോര ഗ്രാമം അഭിമാനനിറവിലാണ്. അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച ശാന്തി കളത്തിലിന്റെ വേരുകൾ ഈ ഗ്രാമത്തിലാണ്. കണ്ണങ്കര കളത്തിൽ കുടുംബാംഗമായ പരേതനായ ജയിംസിന്റെയും ലൂസിയയുടെയും മകളാണ് ശാന്തി കളത്തിൽ .
ഡിഗ്രി കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ ജയിംസ് കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരിക്കുന്പോഴാണ് അവിടെത്തന്നെ അധ്യാപികയായിരുന്ന ലൂസിയയെ വിവാഹം ചെയ്യുന്നത്. മലയാണ്മയുടെ സുഗന്ധം മനസിൽ സൂക്ഷിച്ചിരുന്ന ആളായിരുന്നതിനാൽ മക്കൾക്ക് കേരളത്തനിമയുള്ള പേരുകളാണ് ജയിംസ് നല്‍കിയത്. മക്കൾക്ക് കളത്തിൽ എന്ന വീട്ടു പേര് ചേർത്ത് ശാന്തി കളത്തിൽ, ജയൻ കളത്തിൽ എന്ന് പേരിട്ടു. ശാന്തി കളത്തിൽ ചെറുപ്പത്തിൽ കണ്ണങ്കരയിൽ വന്നു പോയതായുള്ള ഓർമ മാത്രമാണ് ജയിംസിന്റെ സഹോദരൻ മാത്യൂസിനും ഭാര്യ കത്രീനയ്ക്കുമുള്ളത്. ഫോണിൽ വിളിച്ച് നാട്ടിലെ വിശേഷങ്ങൾ തിരക്കുന്നതിനാൽ കണ്ണങ്കര ഗ്രാമത്തെ കുറിച്ചും അലപ്പുഴയെ കുറിച്ചും ശാന്തി കളത്തിലിന് വ്യക്തമായ അറിവുകൾ ഉണ്ടെന്ന് മാത്യുസ് പറയുന്നു.
കണ്ണങ്കര കായലോര ഗ്രാമം അഭിമാനനിറവിൽ
01:03 AM Jan 23, 2021 | Deepika.com