കൊച്ചി: ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയുടെ അനുമതിയോടെ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ഡോളര്‍ കടത്തില്‍ ശിവശങ്കറുടെ പങ്കാളിത്തം വ്യക്തമാണെന്നും കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. നേരത്തേ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ വെളിച്ചത്തില്‍ ശിവശങ്കറെ ചോദ്യം ചെയ്തപ്പോള്‍ ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നല്‍കിയതെന്നും കസ്റ്റംസ് ബോധിപ്പിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ നല്‍കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. നിലവില്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ശിവശങ്കര്‍.
ഡോളര്‍കടത്ത്: എം. ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
01:44 AM Jan 22, 2021 | Deepika.com