കോഴിക്കോട്: ഭരണത്തുടർച്ചയ്ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ മതസൗഹാർദം തകർക്കരുതെന്ന് കെ. മുരളീധരൻ എംപി. ന്യൂനപക്ഷമായ രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപിയേക്കാൾ മാരകമായ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം ഓഫീസ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസുകാരുടെ പണിയാണ് ഇപ്പോൾ കമ്യൂണിസ്റ്റുകാരനും ചെയ്യുന്നത്. കോൺഗ്രസിന്റെ മേൽനോട്ടക്കമ്മിറ്റിയെവരെ വർഗീയവത്കരിക്കുകയാണ്.കോൺഗ്രസിൽ തെരഞ്ഞെടുപ്പു കാര്യങ്ങൾക്കായി പത്തംഗ മേൽനോട്ടസമിതിയുണ്ടാക്കുക മാത്രമാണ് ചെയ്തത്. സ്ഥാനാർഥി നിർണയമോ പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന ചിന്തയോ തുടങ്ങിയിട്ടില്ല. വടകരയ്ക്കു പുറത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് പറഞ്ഞത് പലരും തെറ്റിദ്ധരിച്ചു. വടകര ലോകസഭാ മണ്ഡലത്തിനു കീഴിലെ ആറു നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിന്റെ കൈയിലാണ്. ഇവയിൽ പലതും തിരിച്ചുപിടിക്കാനായി എംപി എന്ന നിലയിൽ പരിശ്രമിക്കും. ഇവിടെ വിജയിച്ചാൽ യുഡിഎഫിന് അത് മൊത്തത്തിൽ നേട്ടമാകും. പരമാവധി യുഡിഎഫ് എംഎൽഎമാരെ വിജയിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും മുരളീധരൻ പറഞ്ഞു.
മതസൗഹാർദം തകർക്കരുത്:കെ. മുരളീധരൻ
01:44 AM Jan 22, 2021 | Deepika.com