കോട്ടയം: അടുക്കളയിലെ ഗ്യാസ് അടുപ്പിൽനിന്നു തീപടർന്നു പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കളത്തിപ്പടി ചെന്പോല കൊച്ചുപറന്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീന (അമ്മു-19)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11നായിരുന്നു അപകടം. 80 ശതമാനത്തിലധികം പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീന ഇന്നലെ രാത്രി ഒന്‍പതോടെ മരിച്ചു. സംഭവം നടക്കുന്പോൾ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല.
വീടിനുള്ളിൽനിന്നു തീ പടരുന്നതും നിലവിളിയും കേട്ട അയൽവാസികൾ സംഭവം പോലീസിലും ഫയർഫോഴ്സിലും വിജയപുരം പഞ്ചായത്തംഗങ്ങളെയും അറിയിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈസ്റ്റ് പോലീസ് സംഭവത്തിൽ കേസെടുത്തു. കാരിത്താസ് ആശുപത്രിയിൽ എൻഡോസ്കോപി ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിനിയായിരുന്നു ജീന.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു സംസ്കാരം നടത്തും.
ഗ്യാസ് അടുപ്പിൽനിന്നു തീപടർന്നു പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു
12:37 AM Jan 22, 2021 | Deepika.com