തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള മിത്രനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് കുട്ടനാട് കാവാലം 24000 കായൽ പാടശേഖര സമിതിക്ക് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് കണ്ണൂർ തളിപ്പറന്പ് ഉദയഗിരി സ്വദേശി പി.ബി. അനീഷിന് ലഭിച്ചു. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
യുവ കർഷക അവാർഡ് കാസർഗോഡ് ബേഡഡുക്ക സ്വദേശി എം. ശ്രീവിദ്യയ്ക്കും യുവ കർഷകനുള്ള അവാർഡ് മലപ്പുറം വറ്റല്ലൂർ കരിഞ്ചാപ്പാടിയിൽ പി. സൈഫുള്ളയ്ക്കും ലഭിച്ചു. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
കേരകേസരി അവാർഡ് പാലക്കാട് മീനാക്ഷിപുരം സ്വദേശി ശിവഗണേഷിനാണ്. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഫലകവുമാണ് അവാർഡ്. പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് തിരുവല്ല ഇരവിപേരൂർ സ്വദേശി ജേക്കബ് ജോസഫിനും പുഷ്പകൃഷിക്കുള്ള ഉദ്യാന ശ്രേഷ്ഠ അവാർഡ് കൊല്ലം ഉമയനല്ലൂർ സ്വദേശി എസ്.ഷീജയ്ക്കും ലഭിച്ചു. ഒരു ലക്ഷം രൂപയും സ്വർണ മെഡലുമാണ് അവാർഡുകൾ. കൃഷി മന്ത്രി വി.എസ്.സുനിൽകുമാറാണ് അവാർഡ് പ്രഖ്യാപിച്ചത്.
പി.ബി.അനീഷ് കർഷകോത്തമ; എം. ശ്രീവിദ്യയും സൈഫുള്ളയും യുവകർഷകർ
12:56 AM Jan 21, 2021 | Deepika.com