കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസും കുറ്റപത്രത്തിലേക്കു കടക്കുന്നു. ആദ്യപടിയായി അടുത്ത മാസം ആദ്യം പ്രതികള്‍ക്കു ഷോ കോസ് നോട്ടീസ് നല്‍കും. ഇതിന് മറുപടി ലഭിച്ചശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം. എല്ലാ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികളെ നികുതിയും പിഴയും ഈടാക്കി വിചാരണയില്‍നിന്ന് ഒഴിവാക്കും.
കഴിഞ്ഞ ജൂലൈ അഞ്ചിനാണു നയതന്ത്ര ബഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. കേസില്‍ 26 പേരെയാണു കസ്റ്റംസ് ഇതുവരെ പ്രതിചേര്‍ത്തത്. ഗൂഢാലോചനയിലും കള്ളക്കടത്തിലും നേരിട്ട് പങ്കെടുത്തവരെയെല്ലാം കണ്ടെത്തിയെന്നാണു കസ്റ്റംസിന്റെ വിലയിരുത്തല്‍. വിദേശത്തുള്ളവരൊഴികെ എല്ലാവരും പിടിയിലായി. എന്‍ഐഎയെയും ഇഡിയെയുംപോലെ കസ്റ്റംസിന് നേരിട്ട് കുറ്റപത്രം നല്‍കാനാവില്ല. അതുകൊണ്ടാണ് ആദ്യം ഷോകോസ് നോട്ടീസ് നല്‍കുന്നത്.
ഫൈസല്‍ ഫരീദ്, കുഞ്ഞാനി ഉള്‍പ്പെടെ വിദേശത്തുള്ള ചില പ്രതികളെക്കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഇവരെ ലഭിക്കുന്ന മുറയ്ക്ക് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം, കസ്റ്റംസ്തന്നെ അന്വേഷിക്കുന്ന ഡോളര്‍ കടത്ത് കേസില്‍ അന്വേഷണം തുടരും. നിയമസഭാ സമ്മേളനശേഷം ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്കു കസ്റ്റംസ് കടക്കും. ഡോളര്‍ കേസില്‍ എം. ശിവശങ്കറെയും പ്രതി ചേര്‍ക്കുമെന്നാണു സൂചന.
കസ്റ്റംസിന്റെ കുറ്റപത്രം ഒരുങ്ങുന്നു
01:38 AM Jan 20, 2021 | Deepika.com